Saturday 3 April 2010

അജയ്യന്‍

നാമരൂപങ്ങളില്ലാത്തവന്റെ അരികില്‍
സ്വസ്ഥമായി ലുപ്തമായി സുഖമായി സൈ്വരമായി
കിടന്നിരുന്ന നമ്മളെ ഒരുനാള്‍ അവന്‍ വിളിച്ചുണര്‍ത്തി .

'പോകൂ, പോയി ഒരുവട്ടം കറങ്ങി വരൂ
ചങ്ങലയുടെ ഒടുവിലെ കണ്ണി എത്തുമ്പോള്‍
തിരികെ വന്നോളൂ...... '

തന്റെ സ്വപ്‌നമയക്കം നഷ്ടപ്പെട്ട ദുഃഖവുമായി അവന്‍ ഇറങ്ങി....

സഞ്ചാരം ! സഞ്ചാരം ! സഞ്ചാരം !

വെള്ളത്തില്‍ നീന്തി നീന്തി നീന്തി
കരയിലൂടെ ഇഴഞ്ഞ് ഇഴഞ്ഞ്
കാട്ടിലൂടെ വളഞ്ഞു പുളഞ്ഞ്
മദിച്ച് മുക്രയിട്ട്
തൂണിലും തുരുമ്പിലും വസിച്ച്
മനുഷ്യനും മൃഗവുമല്ലാതെ പിറന്ന്
കള്ളനും കുള്ളനുമായി വേഷമിട്ട്
മാനുഷധര്‍മ്മങ്ങളുടെ പരകോടി കണ്ട
നല്ല മനുഷ്യനെ ചവിട്ടി താഴ്ത്തി
രാമ രാമ രാമ കൃഷ്ണാ വിഷ്‌ണോ
പാഹി പാഹി പാഹി......

അവന്‍ നടക്കുന്നു, പറക്കുന്നു
പറക്കുന്നു, ഒഴുകുന്നു....

ചന്ദ്രനില്‍.....ചൊവ്വയില്‍.......വ്യാഴത്തില്‍

അവന്‍ = മനുഷ്യന്‍
അത്ഭുത വിക്രമന്‍ ! അജയ്യന്‍ ! !

എല്ലാം നേടി. കാലം എന്ന കാലന്‍ മുന്നിലെത്തിയപ്പോള്‍
നിസ്സഹായനായി അവന്‍ വിളിച്ചു:

"പരമ പിതാവേ !!!"


{സൂചനകള്‍

1."നാമരൂപങ്ങളില്ലാത്തവന്റെ......സഞ്ചാരം....." പരമാത്മാവ് ജീവാത്മാക്കളെ അലയാന്‍ വിടുന്നു.ചങ്ങലയുടെ കണ്ണികളില്‍ ഒടുക്കത്തെ കണ്ണിയായ മനുഷ്യജന്മം.

2."വെള്ളത്തില്‍......പാഹി...." ദശാവതാരത്തിന്റെ സ്വഭാവം പേറുന്ന പരിണാമയാത്ര.

3."നിസ്സഹായനായി ......പിതാവേ......" അജയ്യന്‍ ഒരിക്കലും ഉണ്ടാകുന്നില്ല. അത് നാശത്തിന്റെ സൂചന.)

Friday 29 January 2010

ഊഞ്ഞാലില്‍ ഒരു പെണ്‍കുട്ടി

മഞ്ഞക്കുറിമുണ്ടു ചാര്‍ത്തിയിട്ടും
മഞ്ഞള്‍പ്പവന്‍ മാല കോര്‍ത്തതിട്ടും
പൊന്നരഞ്ഞാണം തെളിയുമാറും
ഓടിക്കിതച്ചവള്‍ വന്നിടുന്നു

രാമായണം കഥ കാപ്പുമിട്ടും
വെള്ളിക്കൊലുസ്‌ കിലുക്കിയിട്ടും
ഊഞ്ഞാല്‍പ്പലകമേലേറി നിന്നും
മഞ്ഞപ്പറവപോലാടീടുന്നു

പിന്നിലായ്‌ പാറും ചുരുള്‍ മുടിയും
പിന്നിയിട്ടുള്ള കുറുമൊഴിയും
ചന്ദനച്ചാര്‍ത്തിന്‍ മണവുമായി
വന്നിടുന്നാരിവള്‍ കിന്നരിയോ!

മോഹവലയ മതിഭ്രമമോയിത്‌
ആരിവളാരിവള്‍ മോഹനാംഗി!!!

ബാലതപസ്വിനി പാര്‍വ്വതീദേവിയോ ?
വൃന്ദാവനിയിലെ രാധികയോ ?
ബാവുള്‍ മനോഹരി പാര്‍വ്വതിക്കുട്ടിയോ?
വാസുദേവാത്മജ ജാനകിയോ ?
പത്മനാഭന്റെ പ്രകാശിനി ഗൗരിയോ ?
പത്മവിലോചന സീതതാനോ?

മോഹവലയ മതിഭ്രമമോയിത്‌
ആരിവളാരിവള്‍ മോഹനാംഗി!!!

കെട്ടുകല്യാണം ചമയിച്ചുനിര്‍ത്തിയ
കുട്ടിക്കിശോരികള്‍ കന്യകമാര്‍
മീരയോ ലേഖയോ ചിന്നമ്മുമാര്‍കളോ
കാലമാം കന്യക തന്നെയെന്നോ?.

X X X X

നാലുകെട്ടിന്റെ നടതുറന്നീടുന്നു
മഞ്ചലിലേറി മറഞ്ഞീടുന്നു
ഒന്നു പുണരുവാന്‍ കൈനീട്ടി നില്‍ക്കവേ
ഓടി മറഞ്ഞവള്‍ പോയീടുന്നു.

കൈവിട്ടുപോയൊരാക്കുട്ടിമോഹങ്ങളും
കുട്ടിയും ദൂരെ ചിരിച്ചുനില്‍പ്പൂ
മാടിവിളിച്ചു കൊതിപ്പിച്ചുകൊണ്ടവള്‍
മായച്ചിരി തൂകി പോയിടുന്നു...

(ബാവുള്‍.....ക്കുട്ടിയോ- ബാവുള്‍ ഗായിക പാര്‍വ്വതി
വാസു.....ജാനകിയോ-എം.ടി.വാസുദേവന്‍നായരുടെ കഥാപാത്രം
പത്മ......ഗൗരിയോ-ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി
മീരയോ........മാര്‍കളോ- കൊച്ചുമക്കള്‍)

Wednesday 15 April 2009

വിവേകാനന്ദമഹം നമാമി!

ശ്രീമഹാദേവന്റെ പാദാംബുജങ്ങളെ
തേടിയലഞ്ഞു വലഞ്ഞ കാലം
ജീവാത്മസംഘാതലോകം കടക്കുവാന്‍
പാലത്തിലേറി നടന്നീടുവാന്‍
കാടും മലകളും താണ്ടിയ ക്ഷീണത്തി-
ലാടല്‍ പൂണ്ടേറെ വസിച്ച കാലം
ഇപ്പര്‍വ്വതാഗ്രത്തിലൊറ്റയ്‌ക്കു നില്‍ക്കുവാന്‍
പേടിയാര്‍ന്നെന്‍ മനം കേണ കാലം

ചിന്താശതങ്ങളില്‍ തീര്‍ത്ഥം തളിച്ചുകൊ-
ണ്ടന്നൊരു സന്യാസി വന്നു മുന്നില്‍
"പോരിക,ദാഹജലം തരാ "മെന്നവന്‍
ദൂരേയ്‌ക്കു നീളെ പദങ്ങള്‍ വയ്‌ക്കെ

താമര പൂത്ത തടാകം മനോഹരം
മാനസം സംഭ്രമമാര്‍ന്നു നിന്നു
"മാനസരോവര തീര്‍ത്ഥമാണീ ജല-
മാചമിച്ചീടുക വേണ്ടുവോളം. "
കൈക്കുമ്പിള്‍ നീളെ നിറച്ചു കുടിയ്‌ക്കയും
വീണ്ടും നിറയ്‌ക്കയും കേളി പൂണ്ടാള്‍
അക്കേളിമോഹം നിലയ്‌ക്കവേ ഭീതീപൂ-
ണ്ടദ്ദേഹമാരെന്നു നോക്കിയപ്പോള്‍
നസ്രായനേശു തന്‍ സൗന്ദര്യപൂരമോ
നന്ദകുമാരക ദര്‍ശനമോ
ശാക്യമുനി തന്‍ മുഖപത്മശാന്തിയോ
പാവമീ കണ്ണിന്റെ വിഭ്രമമോ!!!

ഭാരതമേദിനീ വാരിപ്പുണര്‍ന്നൊരു
വേദവേദാന്തപ്പൊരുളു താനോ
കന്യാകുമാരിയെ പുണ്യം പുതപ്പിച്ച
കല്യാണരൂപന്‍ നരേന്ദ്രനാഥന്‍!!!

ആ ദിവ്യദര്‍ശനമാനന്ദദായകം
ആത്മാവിലാകെ കുളിര്‍ നിറഞ്ഞു
ബോധതലങ്ങളില്‍ നെയ്‌ത്തിരി കത്തുന്നു
ലോകം നിലവിളക്കായീടുന്നു!!

ചിന്താസരിത്തിന്‍ തെളിനീര്‍ നിറയുന്നു
സന്താപമെല്ലാമകന്നീടുന്നു.
ദാഹം ശമിക്കുന്നു,മോഹം മറയുന്നു
ദേഹാഭിമാനവും മാഞ്ഞീടുന്നു
ദേവദാരുക്കളില്‍ പൂമഴ പെയ്യിച്ച
ദേവന്‍ ദയാമയന്‍ വന്നു നില്‍ക്കെ
മാനസതീരപ്രശാന്തതലങ്ങളില്‍
‍ചേതന ചന്ദനം പൂശി നിന്നു.

ചക്രവാളങ്ങള്‍ തന്‍ ശോണാര്‍ദ്രവേദിയില്‍
ചാക്രികസന്ദേശമെത്തിടുന്നു

"കര്‍മ്മകലാപങ്ങള്‍ മദ്ധ്യേ നിലകൊള്‍ക
കര്‍മ്മവിചിന്തനമാര്‍ന്നു കൊള്‍ക
കക്ഷിയായീടാതെ സാക്ഷിയായ്‌ നില്‍ക്കുക
ലക്ഷ്യം വിടാതെ നടന്നിടുക
വേഗം നടക്കുക,പാലം കടക്കുക
ജീവന്റെ ഗംഗ കടന്നു പോകാം
പാലമിതൊന്നുമേ വിശ്രമത്താവള-
മല്ലെന്ന സത്യവുമോര്‍ത്തീടുക. "
വാക്യം നിലയ്‌ക്കവേ പാലത്തിനക്കരെ
വാദ്യഘോഷങ്ങള്‍ മുഴങ്ങീടുന്നു.
ദീപം തെളിയുന്നു താളം മുറുകുന്നു
നര്‍ത്തനവേദി തിളങ്ങീടുന്നു.

കൈലാസനാഥന്റെ താണ്ഡവതാളവും
നാരദവീണതന്‍ നാദവുമായ്‌
അത്ഭുതസുന്ദരലോകങ്ങള്‍ കാണവേ
അന്ത്യനിമിഷമായെന്നു തോന്നി
ദേവന്റെ കാലില്‍ പതിയ്‌ക്കാന്‍ തുനിയവേ
പാദമലരുകള്‍ കാണ്മതില്ല!!!
എങ്ങുപോയ്‌ ദേവനെന്നോര്‍ത്തു കേണീടവേ
കല്‍പ്പന കാതില്‍ പതിച്ചീടുന്നു
"നേരമായില്ല,തിരിച്ചുപോക "യെന്നു
ദേവന്‍ നടന്നു നടന്നു പോയി
വെള്ളത്തിലൂടൊരു ക്രിസ്‌തുവെപ്പോലതാ
പാറമേലെത്തി തപസ്സിരിപ്പൂ.
******************
ചേതന നല്‍കിയ സ്വപ്‌നമോ സത്യമോ
മായരുതെന്നു ഞാന്‍ മോഹിക്കുന്നു.
(Published in Jayakeralam Online magazine on 14/04/2009).

Friday 30 January 2009

ജനുവരി 30

(1969-ൽ എഴുതിയ കവിതയാണ്‌.ഇപ്പോൾ രസിക്കുമോയെന്നറിയില്ല.രാഷ്ട്രപിതാവിനു പ്രണാമമർപ്പിച്ച്‌ പോസ്റ്റ്‌ ചെയ്യുന്നു,ഇന്ന് രക്തസാക്ഷിദിനത്തിൽ)

കണ്ണനുണ്ണിതന്‍ കാവ്യനൃത്തങ്ങളില്‍
കണ്ണുചിമ്മിക്കളിച്ച കാളിന്ദി തന്‍
വീണുടയാത്ത കണ്ണുനീര്‍ത്തുള്ളിപോല്‍
കാണുമശ്രുകുടീരം നിനയ്ക്കവേ


ആര്‍ഷഭൂവിന്നിതിഹാസധാരകള്‍
നിമിഷമാത്രമൊഴുകാതെ നിന്നുപോല്‍
കപിലവസ്തുവില്‍ ഗദ്ഗദം പൊങ്ങിപോല്‍
ചപല ധര്‍മ്മച്യുതികള്‍ ദര്‍ശിക്കവേ


അങ്ങുദൂരെയാക്കാല്‍വരിക്കുന്നിലെ-
യന്തിവാനിലുയര്‍ന്നോരു രോദനം
രാജഘട്ടത്തിലെത്തിപ്പതിച്ചു പോല്‍
തേജഹീനമായ്‌ ചേതന നില്‍ക്കവേ


രാമനെന്നും റഹീമെന്നുമുള്ളൊരു
നാമധേയത്തിന്‍ മായവിമോഹത്തില്‍
മാനവത്വം മറന്നു കളിച്ചു നാ-
മീയനന്തമാം ശോകാന്ത നാടകം.


ജനുവരി മുപ്പതാകുമാ സന്ധ്യതന്‍
ജനിത ശോകാന്ത ചിന്തകള്‍ നീളവേ
കുമ്പസാരപ്രവണമായ്‌ നില്‍പ്പു ഹാ!
വമ്പെഴുന്നൊരു മാനവചേതന!!!




Sunday 11 January 2009

ബുദ്ധം ശരണം ഗഛാമി! ധർമ്മം ശരണം ഗഛാമി! സംഘം ശരണം ഗഛാമി!

(എന്റെ മൂത്ത മകൾക്ക്‌ പദ്യം ചൊല്ലൽ മത്സരത്തിനായി എഴുതിയതാണ്‌.വൈലോപ്പിള്ളിയുടെ "അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ....."അരങ്ങു തകർത്തിരുന്ന കാലം.ഒരു മാറ്റത്തിനായി എഴുതി.കാവ്യാത്മകത്തിനേക്കാൾ ഗാനാത്മകമായിപ്പോയെന്നു മാത്രം!)

ശൈലജാദേവി തൻ വന്ദ്യ ജനകന്റെ
കൈലാസഭൂവിനും നേർ കിഴക്കായ്‌
തുംഗഹിമാചല മംഗളസാനുവിൽ
ലുംബിനി നാമമാമുദ്യാനത്തിൽ

അന്നൊരു വാസന്ത രാവിന്റെയന്തിമ-
യാമമണവതിൻ മുൻപേ തന്നെ
മാനവ മാനസ ചേതന തീർത്തൊരു

കാവ്യമധുരമാം രംഗം കാണായ്‌

ഭാരതനാരീത്വ മേദുര സങ്കൽപ്പ
ഭാവന തീർത്തൊരു ഭാസുരാംഗി
ഓമൽ കുമാരനോടൊത്ത്‌ ശയിക്കുമാ-
കോമള ദൃശ്യവും നോക്കി നോക്കി

വ്യഷ്ടി സമഷ്ടികൾ തമ്മിലിടയുന്നോ-
രുൾക്കട വേദനയേറ്റു കൊണ്ടേ
മൂകനായ്‌ തെല്ലിട നിന്നു കുമാരകൻ

ഏകനായ്‌ ഏകനായ്‌ പോയീടുന്നു

വിശ്വമഹാദീപനാളം ജ്വലിക്കുവാൻ

വിശ്വാസദേവതയ്ക്കർഘ്യമേകാൻ
കർമ്മചന്ദ്രന്റെ സബർമ്മതി നീട്ടിയ
ധർമ്മകിരണങ്ങൾ ഏറ്റുവാങ്ങാൻ

ആയിരത്താണ്ടുകൾ പിന്നിട്ടുവെങ്കിലും

ആരും ഗ്രഹിയാത്ത ഗീതമോതാൻ
ഗീതാഞ്ജലിയുടെ സൈകത ഭൂവിലേ-
ക്കാഗതനാകുമോ ദേവദേവാ!


ഗീതാഞ്ജലിയുടെ സൈകത ഭൂവിലേ-

ക്കാഗതനാകുമോ ദേവദേവാ!

Wednesday 24 December 2008

തിരുപ്പിറവി

(അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കു പേരുണ്ണികൃഷ്ണനെന്നങ്ങനെ......എന്ന മട്ട്‌)




ബെത്‌ലഹേം തന്നിലെ പുൽത്തൊട്ടിലങ്ങനെ
ഉണ്ണി പിറന്നോരു ഘോഷവുമങ്ങനെ
ദേവദൂതന്മാരനുഗ്രഹിച്ചങ്ങനെ
പൂർവ്വദിശയിലെ രാജാക്കളങ്ങനെ
നക്ഷത്രജാലം ജ്വലിച്ചു നിന്നങ്ങനെ
പാതകൾ നീളെ പ്രകാശവുമങ്ങനെ
പൊന്നും മൂരും അവർ കാഴ്ച്ചവെച്ചങ്ങനെ
ദിവ്യനാം പൈതലേ കൂപ്പിയുമങ്ങനെ.......