Wednesday 15 April 2009

വിവേകാനന്ദമഹം നമാമി!

ശ്രീമഹാദേവന്റെ പാദാംബുജങ്ങളെ
തേടിയലഞ്ഞു വലഞ്ഞ കാലം
ജീവാത്മസംഘാതലോകം കടക്കുവാന്‍
പാലത്തിലേറി നടന്നീടുവാന്‍
കാടും മലകളും താണ്ടിയ ക്ഷീണത്തി-
ലാടല്‍ പൂണ്ടേറെ വസിച്ച കാലം
ഇപ്പര്‍വ്വതാഗ്രത്തിലൊറ്റയ്‌ക്കു നില്‍ക്കുവാന്‍
പേടിയാര്‍ന്നെന്‍ മനം കേണ കാലം

ചിന്താശതങ്ങളില്‍ തീര്‍ത്ഥം തളിച്ചുകൊ-
ണ്ടന്നൊരു സന്യാസി വന്നു മുന്നില്‍
"പോരിക,ദാഹജലം തരാ "മെന്നവന്‍
ദൂരേയ്‌ക്കു നീളെ പദങ്ങള്‍ വയ്‌ക്കെ

താമര പൂത്ത തടാകം മനോഹരം
മാനസം സംഭ്രമമാര്‍ന്നു നിന്നു
"മാനസരോവര തീര്‍ത്ഥമാണീ ജല-
മാചമിച്ചീടുക വേണ്ടുവോളം. "
കൈക്കുമ്പിള്‍ നീളെ നിറച്ചു കുടിയ്‌ക്കയും
വീണ്ടും നിറയ്‌ക്കയും കേളി പൂണ്ടാള്‍
അക്കേളിമോഹം നിലയ്‌ക്കവേ ഭീതീപൂ-
ണ്ടദ്ദേഹമാരെന്നു നോക്കിയപ്പോള്‍
നസ്രായനേശു തന്‍ സൗന്ദര്യപൂരമോ
നന്ദകുമാരക ദര്‍ശനമോ
ശാക്യമുനി തന്‍ മുഖപത്മശാന്തിയോ
പാവമീ കണ്ണിന്റെ വിഭ്രമമോ!!!

ഭാരതമേദിനീ വാരിപ്പുണര്‍ന്നൊരു
വേദവേദാന്തപ്പൊരുളു താനോ
കന്യാകുമാരിയെ പുണ്യം പുതപ്പിച്ച
കല്യാണരൂപന്‍ നരേന്ദ്രനാഥന്‍!!!

ആ ദിവ്യദര്‍ശനമാനന്ദദായകം
ആത്മാവിലാകെ കുളിര്‍ നിറഞ്ഞു
ബോധതലങ്ങളില്‍ നെയ്‌ത്തിരി കത്തുന്നു
ലോകം നിലവിളക്കായീടുന്നു!!

ചിന്താസരിത്തിന്‍ തെളിനീര്‍ നിറയുന്നു
സന്താപമെല്ലാമകന്നീടുന്നു.
ദാഹം ശമിക്കുന്നു,മോഹം മറയുന്നു
ദേഹാഭിമാനവും മാഞ്ഞീടുന്നു
ദേവദാരുക്കളില്‍ പൂമഴ പെയ്യിച്ച
ദേവന്‍ ദയാമയന്‍ വന്നു നില്‍ക്കെ
മാനസതീരപ്രശാന്തതലങ്ങളില്‍
‍ചേതന ചന്ദനം പൂശി നിന്നു.

ചക്രവാളങ്ങള്‍ തന്‍ ശോണാര്‍ദ്രവേദിയില്‍
ചാക്രികസന്ദേശമെത്തിടുന്നു

"കര്‍മ്മകലാപങ്ങള്‍ മദ്ധ്യേ നിലകൊള്‍ക
കര്‍മ്മവിചിന്തനമാര്‍ന്നു കൊള്‍ക
കക്ഷിയായീടാതെ സാക്ഷിയായ്‌ നില്‍ക്കുക
ലക്ഷ്യം വിടാതെ നടന്നിടുക
വേഗം നടക്കുക,പാലം കടക്കുക
ജീവന്റെ ഗംഗ കടന്നു പോകാം
പാലമിതൊന്നുമേ വിശ്രമത്താവള-
മല്ലെന്ന സത്യവുമോര്‍ത്തീടുക. "
വാക്യം നിലയ്‌ക്കവേ പാലത്തിനക്കരെ
വാദ്യഘോഷങ്ങള്‍ മുഴങ്ങീടുന്നു.
ദീപം തെളിയുന്നു താളം മുറുകുന്നു
നര്‍ത്തനവേദി തിളങ്ങീടുന്നു.

കൈലാസനാഥന്റെ താണ്ഡവതാളവും
നാരദവീണതന്‍ നാദവുമായ്‌
അത്ഭുതസുന്ദരലോകങ്ങള്‍ കാണവേ
അന്ത്യനിമിഷമായെന്നു തോന്നി
ദേവന്റെ കാലില്‍ പതിയ്‌ക്കാന്‍ തുനിയവേ
പാദമലരുകള്‍ കാണ്മതില്ല!!!
എങ്ങുപോയ്‌ ദേവനെന്നോര്‍ത്തു കേണീടവേ
കല്‍പ്പന കാതില്‍ പതിച്ചീടുന്നു
"നേരമായില്ല,തിരിച്ചുപോക "യെന്നു
ദേവന്‍ നടന്നു നടന്നു പോയി
വെള്ളത്തിലൂടൊരു ക്രിസ്‌തുവെപ്പോലതാ
പാറമേലെത്തി തപസ്സിരിപ്പൂ.
******************
ചേതന നല്‍കിയ സ്വപ്‌നമോ സത്യമോ
മായരുതെന്നു ഞാന്‍ മോഹിക്കുന്നു.
(Published in Jayakeralam Online magazine on 14/04/2009).

2 comments:

  1. വിവേകാനന്ദസാഹിത്യസര്‍വ്വസ്വത്തില്‍ മുങ്ങിപ്പൊങ്ങിയപ്പോഴോ ആ ദിവ്യദര്‍ശനം കിട്ടിയ പോലൊരു തോന്നല്‍.അതു കവിതയായി മാറി.സത്യമോ,മിഥ്യയോ, അറിയില്ല.

    ReplyDelete
  2. കര്‍മ്മകലാപങ്ങള്‍ മദ്ധ്യേ നിലകൊള്‍ക
    കര്‍മ്മവിചിന്തനമാര്‍ന്നു കൊള്‍ക
    കക്ഷിയായീടാതെ സാക്ഷിയായ്‌ നില്‍ക്കുക
    ലക്ഷ്യം വിടാതെ നടന്നിടുക

    മനോഹരമായിരിക്കുന്നു
    ആശംസകള്‍

    ReplyDelete