(എന്റെ മൂത്ത മകൾക്ക് പദ്യം ചൊല്ലൽ മത്സരത്തിനായി എഴുതിയതാണ്.വൈലോപ്പിള്ളിയുടെ "അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ....."അരങ്ങു തകർത്തിരുന്ന കാലം.ഒരു മാറ്റത്തിനായി എഴുതി.കാവ്യാത്മകത്തിനേക്കാൾ ഗാനാത്മകമായിപ്പോയെന്നു മാത്രം!)
ശൈലജാദേവി തൻ വന്ദ്യ ജനകന്റെ
കൈലാസഭൂവിനും നേർ കിഴക്കായ്
തുംഗഹിമാചല മംഗളസാനുവിൽ
ലുംബിനി നാമമാമുദ്യാനത്തിൽ
അന്നൊരു വാസന്ത രാവിന്റെയന്തിമ-
യാമമണവതിൻ മുൻപേ തന്നെ
മാനവ മാനസ ചേതന തീർത്തൊരു
കാവ്യമധുരമാം രംഗം കാണായ്
ഭാരതനാരീത്വ മേദുര സങ്കൽപ്പ
ഭാവന തീർത്തൊരു ഭാസുരാംഗി
ഓമൽ കുമാരനോടൊത്ത് ശയിക്കുമാ-
കോമള ദൃശ്യവും നോക്കി നോക്കി
വ്യഷ്ടി സമഷ്ടികൾ തമ്മിലിടയുന്നോ-
രുൾക്കട വേദനയേറ്റു കൊണ്ടേ
മൂകനായ് തെല്ലിട നിന്നു കുമാരകൻ
ഏകനായ് ഏകനായ് പോയീടുന്നു
വിശ്വമഹാദീപനാളം ജ്വലിക്കുവാൻ
വിശ്വാസദേവതയ്ക്കർഘ്യമേകാൻ
കർമ്മചന്ദ്രന്റെ സബർമ്മതി നീട്ടിയ
ധർമ്മകിരണങ്ങൾ ഏറ്റുവാങ്ങാൻ
ആയിരത്താണ്ടുകൾ പിന്നിട്ടുവെങ്കിലും
ആരും ഗ്രഹിയാത്ത ഗീതമോതാൻ
ഗീതാഞ്ജലിയുടെ സൈകത ഭൂവിലേ-
ക്കാഗതനാകുമോ ദേവദേവാ!
ഗീതാഞ്ജലിയുടെ സൈകത ഭൂവിലേ-
ക്കാഗതനാകുമോ ദേവദേവാ!
Showing posts with label SriBudha. Show all posts
Showing posts with label SriBudha. Show all posts
Sunday, 11 January 2009
Subscribe to:
Posts (Atom)