Friday 30 January 2009

ജനുവരി 30

(1969-ൽ എഴുതിയ കവിതയാണ്‌.ഇപ്പോൾ രസിക്കുമോയെന്നറിയില്ല.രാഷ്ട്രപിതാവിനു പ്രണാമമർപ്പിച്ച്‌ പോസ്റ്റ്‌ ചെയ്യുന്നു,ഇന്ന് രക്തസാക്ഷിദിനത്തിൽ)

കണ്ണനുണ്ണിതന്‍ കാവ്യനൃത്തങ്ങളില്‍
കണ്ണുചിമ്മിക്കളിച്ച കാളിന്ദി തന്‍
വീണുടയാത്ത കണ്ണുനീര്‍ത്തുള്ളിപോല്‍
കാണുമശ്രുകുടീരം നിനയ്ക്കവേ


ആര്‍ഷഭൂവിന്നിതിഹാസധാരകള്‍
നിമിഷമാത്രമൊഴുകാതെ നിന്നുപോല്‍
കപിലവസ്തുവില്‍ ഗദ്ഗദം പൊങ്ങിപോല്‍
ചപല ധര്‍മ്മച്യുതികള്‍ ദര്‍ശിക്കവേ


അങ്ങുദൂരെയാക്കാല്‍വരിക്കുന്നിലെ-
യന്തിവാനിലുയര്‍ന്നോരു രോദനം
രാജഘട്ടത്തിലെത്തിപ്പതിച്ചു പോല്‍
തേജഹീനമായ്‌ ചേതന നില്‍ക്കവേ


രാമനെന്നും റഹീമെന്നുമുള്ളൊരു
നാമധേയത്തിന്‍ മായവിമോഹത്തില്‍
മാനവത്വം മറന്നു കളിച്ചു നാ-
മീയനന്തമാം ശോകാന്ത നാടകം.


ജനുവരി മുപ്പതാകുമാ സന്ധ്യതന്‍
ജനിത ശോകാന്ത ചിന്തകള്‍ നീളവേ
കുമ്പസാരപ്രവണമായ്‌ നില്‍പ്പു ഹാ!
വമ്പെഴുന്നൊരു മാനവചേതന!!!




3 comments:

  1. മഹാത്മജിയെ കുറിച്ചുള്ള ഒന്നും കാലഹരണപ്പെടില്ലല്ലോ?

    കവിത യൂണിക്കോഡില്‍ ആക്കി പോസ്റ്റിയാല്‍ നന്നായിരുന്നു എന്നു തോന്നുന്നു.

    ReplyDelete
  2. കൂടുതല്‍ എഴുതണം. നേരത്തേ എഴുതിയതാണെങ്കിലും പോസ്റ്റു ചെയ്യാന്‍ മടിയ്കരുത്. വായനക്കാര്‍ പതുക്കെ എത്തിയ്ക്കോളും. പിന്നെ ബ്ലോഗിനു വെള്ള പശ്ചാത്തലമാണ് വായനയ്ക്ക് സുഖം എന്നു തോന്നുന്നു. ആ വേഡ് വേരി പ്രത്യേകാവശ്യമൊന്നുമില്ലെങ്കില്‍ മാറ്റുന്നതായിരിയ്ക്കും കമന്റെഴുതുന്നവര്‍ക്ക് സൌകര്യം.

    ഭാവുകങ്ങള്‍....

    ReplyDelete
  3. പ്രോത്സാഹനത്തിനും ഭാവുകങ്ങള്‍ക്കും നന്ദി.നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാം.അല്‍പ്പം സമയം വേണം.വേഡ്‌ വെരി എങ്ങനെ വന്നുവോ എന്തോ!സെറ്റിങ്ങ്‌സ്‌ മാറ്റാം.

    ReplyDelete